വളളിയാങ്കാവ് അമ്മ കുടികൊള്ളുന്ന മൂലസ്ഥാനം
ആർദ്രമായി മഞ്ഞു പെയ്യുന്ന മേട്. അതങ്ങു കണ്ണെത്ത ദൂരത്തോളം പെയ്തിറങ്ങുകയാണ്. കാഴ്ചകൾ കണ്ടങ്ങനെ നീങ്ങുമ്പോൾ സമയവും ദൂരവും പോയതറിയില്ല. ഇതിഹാസകഥയിലെ ധീരപുരുഷന്മാർ നടന്നു നീങ്ങിയ മൺവഴികളിലെ ഓരോ മൺതരിക്കും പറയാൻ ഒരായിരം കഥകളുണ്ടാകും. ദ്വാപരയുഗത്തിന്റെ ഓർമകൾ, അതൊരു കാറ്റായി ഒഴുകിയെത്തും. പഞ്ചാലിമേട് അനുഭവിച്ചറിയാനുള്ളതാണ്.
സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിൽ ഇടുക്കി ജില്ലയിലാണ് പഞ്ചാലിമേട്. ദ്വാപരയുഗത്തിൽ പാണ്ഡവർ പാഞ്ചാലിസമേതം വനവാസകാലത്ത് ഇവിടെ എത്തി എന്നാണ് വിശ്വാസം. പഞ്ചാലിമേട് എന്ന സ്ഥലനാമത്തിനും പിന്നിലുംനിറയുന്ന ചരിത്രവും ഇതുതന്നെ.
പാണ്ഡവർ പാഞ്ചാലിയുമൊത്ത് വസിച്ചിരുന്നത് ഇവിടെയാണ്. അക്കാലത്ത് ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നത് ആദിവാസികളായിരുന്നു. ഇവിടെ നിന്ന് യാത്ര അടുത്ത സ്ഥലത്തേക്ക് തുടരും മുൻപ് തങ്ങൾ ആരാധിച്ചിരുന്ന ദുർഗദേവി വിഗ്രഹം ഭീമൻ ആദിവാസികൾക്കായി പ്രതിഷ്ഠിച്ചു നൽകി.ദേവിയെ ആരാധിക്കാനും അവർക്ക് നിർദേശം നൽകി. തുടർന്ന് ആ ദേവി വനദുർഗായായി അറിയപ്പെടാൻ തുടങ്ങി.
ഒരിക്കൽ ആദിവാസികൾ തമ്മിൽ ചേരിതിരിഞ്ഞ് കലാപം ഉണ്ടായി. ഒരു വിഭാഗം ആദിവാസികൾ ദേവി വിഗ്രഹം കൈവശപ്പെടുത്തി. അവർ കൗളാചാരപ്രകാരം പൂജകൾ നടത്തി. ഉൗഗ്രരൂപിണിയായി ദേവിവിഗ്രഹത്തെ മാറ്റി. കാലക്രമത്തിൽ പഞ്ചാലിമേട് വാസയോഗ്യമല്ലാതെയായി. അതോടെ ആദിവാസികൾ പടിഞ്ഞാറെ താഴ്വരയിലേക്ക് താമസം മാറ്റി. ദേവിയും കാട്ടുവള്ളിയിൽ ആടി താഴ്വാരത്തേക്കെത്തി. അങ്ങനെ ആ ദേശം വള്ളിയാടിക്കാവ് എന്നും പിന്നീട് വള്ളിയാങ്കാവ് എന്നും അറിയപ്പെട്ടു. കോട്ടയം- കുമളി ദേശീയപാതയിൽ നിന്ന് 15 കിലോ മീറ്റർ മാറി ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനിയാൽ ചുറ്റപ്പെട്ട വള്ളിയാങ്കാവ് കരയിൽ ഇന്നുള്ള ക്ഷേത്രം ഇതാണ്.
പാണ്ഡവരുടെ വരവിന്റെ ഓർമകൾ നിറയുന്ന അടയാളങ്ങൾ ഇന്നും ഇവിടെ കാണാം. പാഞ്ചാലിമേടിന്റെ കിഴക്കുവശത്തായി കുളം, പാഞ്ചാലിക്ക് കുളിക്കാനായി ഭീമൻ പണിതു നൽകിയതാണെന്നും അതല്ല ഭീമന്റെ കാൽപാദം പതിഞ്ഞ് കുളമായി രൂപപ്പെട്ടു എന്നതുമാണ് വിശ്വാസം. പഞ്ചാലിക്കായി ഒരുക്കിയ വെള്ളാരംകല്ലിൽ തീർത്ത നടപ്പാതയും പാണ്ഡവരെ ആക്രമിക്കാൻ എത്തിയ രാക്ഷസിയെ ശപിച്ച് ശിലയാക്കി മാറ്റിയ കല്ലും, അക്രമിക്കാൻ വന്ന ആനയെ പാഞ്ചാലി ശിലയാക്കി മാറ്റിയ കല്ലും പാണ്ഡവർ ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരുക്കിയിരുന്നു എന്നു വിശ്വസിക്കുന്ന അടുപ്പുകല്ലുകളും ഇന്നും ഇവിടെ കാണാം.
ഇപ്പോൾ പാഞ്ചാലിമേട്ടിൽ കാണുന്ന ഭുവനേശ്വരി ക്ഷേത്രത്തിൽ ഒരുക്കാലത്ത് യഥാവിധി പൂജകൾ ഉണ്ടായിരുന്നില്ല. എല്ലാ മാസത്തിലും മകംനാളിൽ മാത്രമായിരുന്നു ഇവിടെ ചടങ്ങുകൾ. 2014ൽ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തതോടെയാണ് നിത്യപൂജകൾ ആരംഭിക്കുന്നത്. ഇവിടെ നിന്നാൽ ശബരിമല മകരവിളക്ക്ദർശനം കാണാനാകും എന്നതാണ് മറ്റൊരു പ്രതൃേകത. വള്ളിയാങ്കാവ് അമ്മയുടെ മൂലസ്ഥാനവും ഇതുതന്നെ. ശിവലിംഗം, ശൂലം, നാഗദൈവങ്ങൾ, ശ്രീകൃഷ്ണ പ്രതിഷ്ഠ എന്നിവയാണിവിടുത്തെ ഉപദൈവങ്ങൾ.
ഇടുക്കി ജില്ലയിൽ കോട്ടയം-കുമുളി റോഡിൽ മുറിഞ്ഞപുഴയിൽ നിന്ന് ഏഴ് കിലോമീറ്റർസഞ്ചരിച്ചാൽ പഞ്ചാലിമേട്ടിൽ എത്താം. വാഹനങ്ങളിലെത്തിയാൽ പാഞ്ചാലിമേടിന്റെ 300 മീറ്റർ വരെ സമീപത്തേക്കും. സഞ്ചാരികൾക്കും കാഴ്ചകൾ ഒരുക്കുകയാണിവിടം.
Post a Comment